കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടത്തുന്നതിന് പുതിയ വ്യവസ്ഥകൾ

surgery

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടത്തുന്നതിന് പാലിക്കേണ്ട പുതിയ വ്യവസ്ഥകൾ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ പുറത്തിറക്കിയത്. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവദി ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.

ഒരു പ്രത്യേക മെഡിക്കൽ വിഭാഗത്തിൽ റജിസ്റ്റേർഡ് അസിസ്റ്റന്റ് തലത്തിലുള്ള ഡോക്ടർക്കോ പരിശീലനത്തിലുള്ള ഡോക്ടർക്കോ സ്വതന്ത്രമായി ശസ്ത്രക്രിയ നടത്താൻ പാടുള്ളതല്ല.. കൂടാതെ രോഗിയുടെയോ രോഗി ചുമതലപ്പെടുത്തിയ വ്യക്തിയുടെയോ സമ്മതമില്ലാതെ ശസ്ത്രക്രിയയോ മറ്റു മെഡിക്കൽ നടപടികളോ നടത്തുന്നതും നിരോധിച്ചു. ശസ്ത്രക്രിയകൾക്ക് മുമ്പ് ആശുപത്രിയുടെ ലൈസൻസ്, ആരോഗ്യ പരിചരണ നിലവാരം, അണുബാധ നിയന്ത്രണം, അനസ്‌തേഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഓരോ മെഡിക്കൽ വിഭാഗത്തിലെയും ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയും പ്രൊഫഷണൽ പ്രിവിലേജുകളും നൽകുന്നത് അതത് വിഭാഗം കൗൺസിലുകൾ ആയിരിക്കും. അനുമതി നൽകുന്നത് ഡോക്ടറുടെ ജോലി പദവി, ലൈസൻസ്, വൈദഗ്ദ്യം, പരിചയം, ശസ്ത്രക്രിയയുടെ സ്വഭാവം എന്നിവ പരിഗണിച്ചായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകൾ സ്‌പെഷ്യലിസ്റ്റ് തലത്തിലോ അതിന് മുകളിലോ ഉള്ള ഡോക്ടറുടെ അംഗീകാരത്തോടെ മാത്രമേ നടത്താൻ പാടുള്ളൂ. ശസ്ത്രക്രിയയ്‌ക്കോ മെഡിക്കൽ ഇടപെടലിനോ മുമ്പ് രോഗിയിൽ നിന്ന് പൂർണ വിവരങ്ങൾ നൽകിയുള്ള സമ്മതം നേടണം. ഇത് രോഗിയുടെ മെഡിക്കൽ രേഖയിൽ രേഖപ്പെടുത്തുകയും വേണം.

ശസ്ത്രക്രിയയിൽ പങ്കെടുക്കുന്ന മെഡിക്കൽ സംഘത്തിലെ അംഗങ്ങളുടെ വിവരങ്ങൾ രോഗിയെ അറിയിക്കണം. രോഗിയുടെ അനുമതിയില്ലാതെ മറ്റൊരു ഡോക്ടറെ പകരം നിയോഗിക്കരുതെന്നും, പകരം വരുന്ന ഡോക്ടർക്ക് ആവശ്യമായ യോഗ്യതയും അനുമതിയും ഉണ്ടായിരിക്കണമെന്നും തീരുമാനം വ്യക്തമാക്കുന്നു. ഒരു സർജൻ ഒരേ സമയത്ത് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്താൻ പാടില്ല. ശസ്ത്രക്രിയ നടക്കുമ്പോൾ അത്യാവശ്യയസാഹചര്യങ്ങളിൽ ഒഴികെ ഓപ്പറേഷൻ തിയേറ്റർ വിട്ടുപോകാനും അനുമതിയില്ലെന്ന് പുതിയ തീരുമാനത്തിൽ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയയ്ക്കിടെ ബുദ്ധിമുട്ടുകൾ നേരിട്ടാൽ, നടപടിക്രമം മാറ്റുന്നതിനോ നിർത്തുന്നതിനോ മുമ്പ് പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ സഹായം തേടേണ്ടതാണ്. രോഗിയുടെ ജീവൻ അപകടപ്പെടുന്ന സാഹചര്യങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിലെ സർജന്മാർക്ക് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം നൽകാൻ അനുമതി നൽകാം. ഇതിനായുള്ള തീരുമാനത്തിൽ നിശ്ചിത നടപടിക്രമങ്ങളും അനുമതികളും കൃത്യമായി പാലിക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ തുടർപരിചരണം ഉറപ്പാക്കണം. ചികിത്സാ പദ്ധതി, പരിശോധന തീയതികൾ, ഫോളോ അപ്പ് വിവരങ്ങൾ എന്നിവ മെഡിക്കൽ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും തീരുമാനം നിർദേശിക്കുന്നു. ഗുണനിലവാരവും രോഗികളുടെ സുരക്ഷയും വർധിപ്പിക്കുന്നതിനായി എല്ലാ ശസ്ത്രക്രിയ വിഭാഗം മേധാവികളും മാസത്തിൽ ഒരിക്കൽ എങ്കിലും ശസ്ത്രക്രിയ സങ്കീർണതകളും മരണങ്ങളും സംബന്ധിച്ച അവലോകന യോഗങ്ങൾ നടത്തണം. ഓരോ കേസുകളും വിശകലനം ചെയ്ത് പിഴവുകൾ കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കുകയും വേണം. ഓരോ ആരോഗ്യ സ്ഥാപനവും ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ യോഗ്യരായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. ഉപകരണങ്ങളുടെ സജ്ജത, അണുനശീകരണ സംവിധാനങ്ങൾ, മെഡിക്കൽ സാമഗ്രികളുടെ ലഭ്യത, ശസ്ത്രക്രിയാ ഷെഡ്യൂളുകൾ എന്നിവയുടെ മേൽനോട്ടം ഈ ഉദ്യോഗസ്ഥന്റെ ചുമതലയായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ അധികമായ മെഡിക്കൽ ഇടപെടൽ നടത്തുന്നത് അടിയന്തരമോ അത്യാവശ്യമോ ആയ സാഹചര്യങ്ങളിൽ മാത്രമേ അനുവദിക്കുകയുള്ളു. ശസ്ത്രക്രിയകളിലൂടെയോ മെഡിക്കൽ ഇടപെടലുകളിലൂടെയോ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ബന്ധപ്പെട്ട ഗവേഷണ സമിതികളുടെ അനുമതി നിർബന്ധമായിരിക്കും. ശരീര അവയവങ്ങളോ മറ്റു ശരീരഭാഗങ്ങളോ നീക്കം ചെയ്യൽ, ടിഷ്യു സാമ്പിൾ എടുക്കൽ തുടങ്ങിയ നടപടികൾക്ക് പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതിനായി അംഗീകൃത ഫോമുകൾ ഉപയോഗിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഫലങ്ങൾ രോഗിയെ അറിയിക്കുകയും ഇവ, എല്ലാം തന്നെ മെഡിക്കൽ രേഖയിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!