കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. കുവൈത്തിലെ ലുലുവിന്റെ 14ാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി, കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമീദ് അൽ നെയാദി എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് ആസൂത്രണ-വികസന സുപ്രീം കൗൺസിൽ അസി. സെക്രട്ടറി ജനറൽ അഹമ്മദ് ഗൈദ് അൽ എനൈസി പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്, റൊമാനിയൻ അംബാസഡർ മുഗുരെൽ ലോൺ സ്റ്റാനെകു, ഒമാനി അംബാസഡർ സാലിഹ് അമർ അൽ ഖറൂസി, മ്യാൻമർ അംബാസഡർ ഓങ് ഗ്യാവ് തു, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, മറ്റു മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സൗത്ത് സബാഹിയ ബ്ലോക്ക്-1ൽ വെയർ ഹൗസ് മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. 48,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ പുതിയ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷണം, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സീസണൽ പാർട്ടി സപ്ലൈസ്, ഇലക്ട്രോണിക്, മൊബൈലുകൾ, വാച്ചുകൾ, അനുബന്ധ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കളും പെർഫ്യൂമുകളും എന്നിവയും മികച്ച നിലവാരമുള്ളവ മിതമായ വിലയിൽ സ്വന്തമാക്കാം.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധതയുടെ തുടർച്ചയായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.