കുവൈറ്റ്: കുവൈറ്റിൽ കാലാവസ്ഥ വാരാന്ത്യത്തിൽ ചൂടും ഈർപ്പവുമുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽഖറാവി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ താപനില പരമാവധി 45 ഡിഗ്രിയും രാത്രിയിൽ 31- 34 ഡിഗ്രിയിലും എത്തിയിരുന്നു.
ഇന്ന് ഏറ്റവും ഉയർന്ന താപനില 44 മുതൽ 47 ഡിഗ്രി വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാത്രിയിൽ താപനില 32-35 ഡിഗ്രിയിലേക്ക് താഴും. അതേസമയം ശനിയാഴ്ച തീരപ്രദേശങ്ങളിൽ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ആർദ്രവുമാകുമെന്നും ഏറ്റവും ഉയർന്ന താപനില 45-48 ഡിഗ്രി വരെയെത്തുമെന്നും എന്നാൽ രാത്രിയിൽ 32-35 ഡിഗ്രിയായി കുറയുമെന്നും അൽ ഖറാവി കൂട്ടിച്ചേർത്തു.