കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി ഉയർത്തി. കുവൈത്ത് ഗതാഗത വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ ലൈസൻസാക്കി മാറ്റിയതിനാൽ ഇനി പ്രിന്റഡ് ലൈസൻസ് നൽകില്ലെന്നും അധികൃതർ അറിയിച്ചു.
പുതിയ ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കും കാലാവധി 3 വർഷമാക്കി ഡിജിറ്റൽ ലൈസൻസ് നൽകും. മൈ ഐഡന്റിറ്റി ആപ്പിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാം.
കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ട് വർഷം ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവും വേണം. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യേണ്ടതാണ്.
പ്രവാസി ലൈസൻസ് പുതുക്കുന്നതിന് സർക്കാർ ഏകീകൃത ആപ്പ് സഹൽ ആപ്ലിക്കേഷൻ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷ നൽകണം. ലൈസൻസുകൾ പുതുക്കിയാൽ മൈ ഐഡന്റിറ്റി ആപ്പ് വഴി സാധുത പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയും.