കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.
ഖൈറാൻ,വഫ്‌റ, കബ്ദ്,സബിയ, ജാബർ ബ്രിഡ്ജ്, അബ്ദാലി ഫാംസ്, അൽ-ഖലീജ് അൽ-അറബി സ്ട്രീറ്റ് തുടങ്ങി നിരവധി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പ്രത്യേക സുരക്ഷ സംവിധാനം ഏർപ്പെടുത്തുവാനും അതിരു വിട്ട ആഘോഷ പ്രകടനങ്ങൾ നടത്തുന്നവർക്ക് എതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുവാനും പ്രത്യേക പദ്ധതിയാണ് മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ അപകടങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗണ്യമായി കുറയ്ക്കുവാൻ സഹായകമായി. ഇതേ മാതൃകയിൽ തന്നെയായിരിക്കും ഇത്തവണയും സുരക്ഷാ മുന്നൊരുക്കങ്ങൾ ക്രമീകരിക്കുക.