കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ തുർക്കിഷ് കമ്പനിയായ ലിമ്മാക് ഹോൽഡിങ് കമ്പനിയുമായി കുവൈത്ത് സർക്കാർ പുതിയ കരാറുകളിൽ ഒപ്പുവെച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനായി മൂന്ന് കുവൈത്ത് സർക്കാർ സ്ഥാപനങ്ങളാണ് നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പുവെച്ചത്. നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഏകോപനം ഉറപ്പാക്കി ബാക്കി ജോലികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ പുതിയ കരാറുകൾ സഹായിക്കും. അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങുന്ന ടെർമിനൽ 2 പ്രവർത്തനസജ്ജമാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാരെ അധികമായി ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും. ഇത് വിദേശ സർവീസുകൾ വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, ടൂറിസം മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കാനും വഴിയൊരുക്കും.







