കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ അഞ്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി. 21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റും ഇലക്ട്രോണിക് ഷീഷ ഉൽപ്പന്നങ്ങളും വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ച് വാണിജ്യ സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടിയത്.
ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ ഇവന്റ്സ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാപാരികൾ പിടിയിലായത്. പരിശോധനയ്ക്കിടെ നിയമലംഘനങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ തന്നെ തടഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് പരിശോധനാ ക്യാമ്പെയ്നുകൾ ശക്തമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








