കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മേഖലയിൽ പുതിയ തൊഴിൽ വിഭാഗമായി ‘പ്രസവ ശുശ്രൂഷക’ എന്ന തസ്തികക്ക് അംഗീകാരം. ആരോഗ്യ മന്ത്രാലയമാണ് ഇതിനായുള്ള അംഗീകാരം നൽകിയത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ ആവാദിയാണ് ഇത് സംബന്ധിച്ച മന്ത്രി തല തീരുമാനം പുറപ്പെടുവിച്ചത്. പുതിയ തീരുമാനം അനുസരിച്ച്, പ്രസവ ശുശ്രൂഷക അല്ലെങ്കിൽ അമ്മമാരുടെ പ്രസവ പരിചരണ വിഭാഗം എന്ന തസ്തിക ഇനി മുതൽ ആരോഗ്യ മേഖലയിലെ സഹായക മെഡിക്കൽ തൊഴിലുകളിൽ ഉൾപ്പെടും.
മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ ആരോഗ്യ പരിചരണത്തിന്റെ നിലവാരം ഉയർത്തുന്നതിനുമാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020ലെ 70-ാം നമ്പർ ആരോഗ്യ നിയമം അടിസ്ഥാനമാക്കിയാണ് തീരുമാനം. ആരോഗ്യ മേഖലയിലെ വികസനത്തിനും ആവശ്യങ്ങൾക്കും അനുസൃതമായി പുതിയ സഹായക മെഡിക്കൽ തൊഴിലുകൾ ഉൾപ്പെടുത്താൻ ആരോഗ്യമന്ത്രിക്ക് അധികാരം നൽകുന്നതാണ് ഈ നിയമം. അമ്മമാർക്ക് സുരക്ഷിതമായ പ്രസവം ഉറപ്പാക്കുന്നതിൽ പ്രസവ ശുശ്രൂഷകർ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരെ ശക്തിപ്പെടുത്തുകയും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിചരണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അമ്മമാരുടെയും നവജാത ശിശുക്കളുടെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമാക്കുന്നത്.








