കുവൈത്ത് സിറ്റി: യുദ്ധസാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെയും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും തന്ത്രപരമായ സ്റ്റോക്ക് സുരക്ഷിതമാണെന്ന് സാമൂഹിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി. വിതരണ പ്രക്രിയ സാധാരണ നിലയിൽ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഭക്ഷ്യ-ഉപഭോക്തൃ സുരക്ഷാ സംവിധാനത്തിന്റെ പ്രധാന തൂണുകളാണ് സഹകരണ സംഘങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം വിവിധ സഹകരണ സംഘങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സെൻട്രൽ മാർക്കറ്റുകളുടെ പ്രവർത്തന സജ്ജത, സ്റ്റോക്ക് മാനേജ്മെന്റ്, വിതരണ വേഗത എന്നിവ നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു സന്ദർശനം. മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നിർദ്ദേശപ്രകാരം വിപണികളിലെ സ്ഥിരത ഉറപ്പാക്കാനും പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ സാധനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിലെ സൂചകങ്ങൾ പ്രകാരം വിപണിയിൽ യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു.







