കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾ സഹേൽ ആപ്പ് വഴി താമസ മേൽവിലാസം രജിസ്റ്റർ ചെയ്യുമ്പോൾ ഇനി മുതൽ കെട്ടിട ഉടമയുടെ അനുമതിയും നിർബന്ധം. ഇതിനായി സഹേൽ ആപ്പിൽ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
പ്രവാസികൾ താമസ മേൽവിലാസം രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് കെട്ടിട ഉടമയുടെ അനുമതി ആവശ്യമുള്ള ഒരു ഘട്ടം കൂടിയാണ് അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം താമസ മേൽവിലാസത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ കെട്ടിട ഉടമകൾക്ക് ആപ്പ് വഴി ഉടനടി അറിയിപ്പ് ലഭിക്കും.
ഇതിന് കെട്ടിട ഉടമ അനുമതി നൽകിയാൽ മാത്രമേ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാകുകയുള്ളൂ. ഡാറ്റ കൃത്യത വർദ്ധിപ്പിക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള PACIയുടെ ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.







