കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ അർദ്ധ രാത്രി ഇറാൻ നടത്തിയ മിസൈൽ ഡ്രോൺ ആക്രമണങ്ങൾക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അവശിഷ്ടങ്ങൾ പതിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ. പിന്നാലെ ഇവയുടെ പ്രവർത്തനം നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി. ജല, വൈദ്യുതി, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസം നേരിട്ടതായും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ജവഹർ ഹയാത്ത് പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടന്നുവരികയാണ്. അപകടം സംഭവിച്ച ഉടൻ സൈറ്റുകൾ സുരക്ഷിതമാക്കിയ ശേഷം സുരക്ഷാ അധികാരികളുമായി ഏകോപനം നടത്തി. കേടുപാടുകൾ വിലയിരുത്തുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി തകരാറിലായ ലൈനുകൾ നന്നാക്കുന്നതിനും പ്രത്യേക സാങ്കേതിക സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ഗ്രിഡിലെ ഏത് അടിയന്തര സാഹചര്യങ്ങളിലും പ്രതികരിക്കുന്നതിനും സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും അടിയന്തര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണെന്നും ഇവർ കൂട്ടിച്ചേർത്തു.







