മസ്‌കത്ത്: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടി സലാം എയർ. മേഖലയിലെ സാഹചര്യത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതിനാലാണ് നടപടി. 2026 ഓഗസ്റ്റ് 31 വരെ ഇറാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ സലാം എയർ റദ്ദാക്കിയിട്ടുണ്ട്. 2026 മെയ് 30 വരെ ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയതായി സലാം എയർ വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണനയെന്നും കാലാവസ്ഥയിലെ മാറ്റങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും വിമാനങ്ങളുടെ സമയമാറ്റങ്ങൾ, റദ്ദാക്കലുകൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. യാത്രക്കാർക്ക് +968 2427 2222 എന്ന എയർലൈൻ നമ്പർ വഴിയോ customercare@salamair.com എന്ന ഇ-മെയിൽ വഴിയോ അധികൃതരുമായി ബന്ധപ്പെടാം.







