കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ അതീവ ഉഷ്ണമേറിയതായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രികാലങ്ങളിൽ ചൂടും തീരദേശങ്ങളിൽ ഈർപ്പവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കടുത്ത ചൂടുള്ള വായുപ്രവാഹത്തോടൊപ്പം അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദ്ദവുമാണ് നിലവിലെ കഠിനമായ ചൂടിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.
വെള്ളി, ശനി ദിവസങ്ങളിൽ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് മാറുമെന്നും ഇതോടെ തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഗണ്യമായി വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് പകൽ സമയം കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 20 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പരക്കെ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








