കുവൈത്ത് സിറ്റി: കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത പലചരക്ക് കടകൾ പൂട്ടിച്ചു. ആറ് അനധികൃത പലചരക്ക് കടകളാണ് അധികൃതർ പൂട്ടിച്ചത്. നിയമ ലംഘകരായ 11 പേരെ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈസൻസില്ലാതെ വ്യാപാരം നടത്തിയതിനും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനുമായാണ് അറസ്റ്റ്.
സുരക്ഷാ വകുപ്പ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റി തുടങ്ങിയവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഈ വീടുകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു. കൂടാതെ ഒരു മോഷണക്കേസിൽ ഉൾപ്പെട്ടതടക്കം മൂന്ന് മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 26 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. പിടിയിലായവരെ തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും വിവിധ ഗവർണറേറ്റുകളിൽ പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








