കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി പാർപ്പിട മേഖലയിലെ ബാച്ചിലർ ഹൗസിംഗ് കണ്ടെത്താൻ ശക്തമായ പരിശോധന. ഇതിനായി കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും പ്രത്യേക ഫീൽഡ് സംഘങ്ങൾ രൂപീകരിച്ചു. കുവൈത്ത് നഗരസഭ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം കേന്ദ്രങ്ങളിൽ കുടുംബേതരമായി താസിക്കുന്നവരുടെ സാന്നിധ്യം കണ്ടെത്തുക, ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, പ്രദേശവാസികളുടെ സൗകര്യങ്ങളെയും സാമൂഹിക ഘടനയെയും ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുക തുടങ്ങിയവയാണ് ഈ സ്‌ക്വാഡുകളുടെ ലക്ഷ്യം.
സ്വദേശി പാർപ്പിട മേഖലകളിൽ കുടുംബേതര പുരുഷന്മാർക്ക് വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മു്ന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം, മാനവ ശേഷി പൊതു സമിതി പരിസ്ഥിതി സംരക്ഷണ സമിതി തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഫീൽഡ് സംഘങ്ങൾ നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ടുകൾ നഗര സഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. നിയമലംഘനം നടത്തുന്ന വീടുകളുടെ എണ്ണം, സ്വീകരിച്ച നടപടികൾ, പുരോഗതി എന്നിവ ഉൾപ്പെടെയുള്ള കണക്കുകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് റിപ്പോർട്ടുകൾ തയ്യാറാക്കുക.
മുൻ കാലങ്ങളിൽ എന്ന പോലെ മുന്നറിയിപ്പ് നൽകുന്നതിൽ മാത്രം നടപടികൾ ഒതുങ്ങില്ലെന്നും, ആവശ്യമെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കൽ, പിഴ ചുമത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.








