കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുബാറകിയ മാർക്കറ്റിൽ പരിസ്ഥിതി നിയമലംഘനങ്ങൾ തടയുന്നതിനായി ശക്തമായ പരിശോധന. സെക്യൂരിറ്റി ഡയറക്ടറേറ്റ്‌സ് അഫയേഴ്സ് സെക്ടറിന് കീഴിലുള്ള എൺവയോൺമെന്റൽ പോലീസ് വിഭാഗമാണ് പരിശോധന നടത്തിയത്. അടച്ചതും ഭാഗികമായി അടച്ചതുമായ പൊതുസ്ഥലങ്ങളിലെ പുകവലിയും നിശ്ചിതയിടങ്ങളിലല്ലാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.
വ്യക്തികൾക്കെതിരെ പുകവലിച്ചതിന് 30 ലംഘനങ്ങളും പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഒരു ലംഘനവും രജിസ്റ്റർ ചെയ്തു. ഉപഭോക്താക്കൾക്ക് സ്ഥാപനത്തിനുള്ളിൽ പുകവലിക്കാൻ സൗകര്യമൊരുക്കിയ ഒരു സ്ഥാപനത്തിനെതിരെയും കേസെടുത്തു. നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുന്നതിനും പൊതുശുചിത്വവും സാംസ്‌കാരിക പ്രതിച്ഛായയും നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.








