കുവൈത്ത് സിറ്റി: റോഡിൽ മാലിന്യം തള്ളിയതിനെ തുടർന്ന് കുവൈത്തിൽ പ്രവാസി ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ജാബ്രിയയിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയെയാണ് ജനറൽ ട്രാഫിക് വകുപ്പ് അറസ്റ്റ് ചെയ്തത്. ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു നിയമലംഘനം കൂടി കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. മാലിന്യം വലിച്ചെറിഞ്ഞതിനും ഉചിതമായ ലൈസൻസില്ലാതെ സെമി ട്രക്ക് ഓടിച്ചതിനും ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു.
നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കും. അതേസമയം, വാഹനം പിടിച്ചെടുത്ത് സ്ഥാപിത നടപടിക്രമങ്ങൾക്കനുസൃതമായി ക്രഷറിലേക്ക് അയച്ചു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പൊതു ശുചിത്വം നിലനിർത്തുന്നതിനും ആയി നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.








