കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള ജ്വല്ലറികളിലും വിലയേറിയ ലോഹ കടകളിലും പരിശോധന ശക്തമാക്കി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, തീവ്രവാദ വിരുദ്ധ വകുപ്പിലെ ഫീൽഡ് ടീമുകളാണ് പരിശോധനാ ക്യാമ്പെയ്‌നുകൾ നടത്തുന്നത്. പരിശോധനയിൽ ഒന്നിലധികം നിയമലംഘനങ്ങളും സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തി.
206 കടകളിലാണ് ആകെ പരിശോധന നടത്തിയത്. 134 നിയമലംഘനങ്ങൾ കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ച് പണമിടപാട് നടത്തുക, നടപടിക്രമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ചെറുക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പെയ്‌നുകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.







