കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ ലൈസൻസില്ലാത്ത ബാങ്കിംഗ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രവാസികൾക്ക് തടവു ശിക്ഷ വിധിച്ച് കോടതി. കേസുമായി ബന്ധപ്പെട്ട് രണ്ട് വാണിജ്യ കമ്പനികൾക്കും പിഴ വിധിച്ചു. 10 വർഷം തടവും 27 ദശലക്ഷം കുവൈത്ത് ദിനാർ പിഴയുമാണ് കോടതി പ്രതികൾക്കെതിരെ വിധിച്ചത്.
ഇരു കമ്പനികളുടെയും പ്രവർത്തനം സ്ഥിരമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടു. ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ ഒമർ അൽ മുലൈഫി, അബ്ദുല്ല അൽ ഫലാഹ്, സാലിം അൽ സായിദ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, രേഖകളിൽ കൃത്രിമം, ആവശ്യമായ ലൈസൻസില്ലാതെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പരിഗണിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗവും ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും നടത്തിയ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് കേസ് കോടതിയിലെത്തിയത്.







