കുവൈത്ത് സിറ്റി: വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള കണ്ടെത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി അവബോധ ക്യാമ്പെയ്ൻ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഈ ക്യാമ്പെയിൻ നടക്കും. ഒക്ടോബർ 29 ന് മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ക്യാമ്പെയ്ൻ അവസാനിക്കും.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളെ ക്കുറിച്ചെല്ലാം ക്യാമ്പെയ്നിൽ അവബോധം സൃഷ്ടിക്കും. മന്ത്രാലയത്തിനകത്തും പുറത്തുമുള്ള പതിനഞ്ച് സംഘടനകൾ ഈ ക്യാമ്പെയ്നിൽ പങ്കെടുക്കുന്നുണ്ട്.
പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വളർത്തൽ, രോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധം ശക്തിപ്പെടുത്തൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിൽ എന്നിവയെല്ലാം ഈ ക്യാമ്പെയിന്റെ ഭാഗമായി നടക്കും. ‘നിങ്ങളുടെ ആരോഗ്യം ഒരു ചുവടുവെപ്പിൽ നിന്ന് ആരംഭിക്കുന്നു’ എന്ന മുദ്രാവാക്യത്തോടെയുള്ള ഈ കാമ്പെയിൻ ആരോഗ്യത്തെയും പ്രതിരോധത്തെയും പിന്തുണയ്ക്കുന്ന ദൈനംദിന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.








