കുവൈത്ത് സിറ്റി: കുവൈത്തിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് ഉണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾക്ക് പരിക്ക്. ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഹവല്ലി ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
പരിക്കേറ്റയാൾക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഗ്യാസ് ചോർച്ചയുടെ കാരണം, അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ തോത് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.







