കുവൈത്ത് സിറ്റി: കുവൈത്തിലെ കസ്റ്റംസ് പോർട്ടുകൾ വഴി യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ ബാഗുകളോ ലഗേജുകളോ വാങ്ങി കൊണ്ടുപോകരുതെന്ന് നിർദ്ദേശിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്. ഇത്തരം ബാഗുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടെങ്കിൽ യാത്രക്കാർ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വഴി പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കസ്റ്റംസ് പരിശോധന കടന്നുപോകുന്നതിന് മുൻപ് തങ്ങൾ കൈവശം വച്ചിരിക്കുന്ന എല്ലാ ലഗേജുകളുടെയും ഉള്ളടക്കം യാത്രക്കാർ സ്വന്തമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മറ്റുള്ളവരുടെ ലഗേജുകളിൽ നിയമപരമായി നിരോധിക്കപ്പെട്ട സാധനങ്ങളോ വസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഈ ലഗേജുകൾ കൊണ്ടുപോകുന്ന യാത്രക്കാരെ ഗുരുതരമായ നിയമക്കുരുക്കുകളിൽപ്പെടുത്താമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







