കുവൈത്ത് സിറ്റി: റിയാദിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കിയതായി കുവൈത്ത് എയർവേയ്സ്. കുവൈത്തിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള രണ്ടു സർവ്വീസുകളാണ് റദ്ദാക്കിയത്. നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി. കുവൈത്തിൽ നിന്നും റിയാദിലേക്കുള്ള KU775 സർവീസും, തിരിച്ചുള്ള KU776 സർവീസുമാണ് റദ്ദാക്കിയതെന്ന് എയർവേയ്സ് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക മാധ്യമങ്ങളിലൂടെ വിമാന സർവീസുകളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർവേയ്സ് അഭ്യർത്ഥിച്ചു.
യാത്രാ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയക്കുമെന്നും കമ്പനി അറിയിച്ചു.








