കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ തുറസായ സ്ഥലങ്ങളിലെ ജോലികൾക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കടുത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 3 പ്രകാരം ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ പുറം ജോലികൾ നിരോധിക്കും. ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. അത്യാഹിത അറ്റകുറ്റപ്പണികൾ, പൊതുസേവനങ്ങൾ, നിർണായക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക ജോലികൾക്ക് മുൻകൂർ അനുമതിയോടെ ഇളവ് അനുവദിക്കും.
തൊഴിലുടമകൾ തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമസ്ഥലം, പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ, ആവശ്യമായ വിശ്രമസമയം എന്നിവ നൽകണമെന്നും അധികൃതർ നിർദേശിച്ചു. നിയമലംഘകരെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.








