കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായി അധികാരികളെ അറിയിക്കുന്നതിനായി പുതിയ സംവിധാനവുമായി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ‘റിപ്പോർട്ട് മി’ എന്ന പേരിലാണ് പുതിയ ഓൺലൈൻ സേവനം. മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള കാമ്പെയ്‌ന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
തൊഴിൽ വിപണിയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് നിയമപരമായി വിലക്കുള്ള മേഖലകളിൽ അവരെ നിയമിക്കുന്നത്, സേവനങ്ങൾ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത്, തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നത് തുടങ്ങിയ നിയമലംഘങ്ങളെല്ലാം ഈ സേവനങ്ഹളിലൂടെ റിപ്പോർട്ട് ചെയ്യാം.
തൊഴിൽ വിപണിയിലെ അനധികൃത പ്രവണതകളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കുവൈത്തിന്റെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ’ വഴി ലളിതമായ ഇലക്ട്രോണിക് രീതിയിൽ പരാതികളും വിവരങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.







