കുവൈത്ത് സിറ്റി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2026-ലെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ തുടർച്ചയായ രണ്ടാം വർഷവും ‘ടയർ 2’ പദവി നിലനിർത്തി കുവൈത്ത്. ഒക്ടോബർ 8-ന് പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന ശക്തമായ ഇടപെടലുകളെ റിപ്പോർട്ടിൽ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യക്കടത്തിനും കുടിയേറ്റ നിയമലംഘനങ്ങൾക്കുമെതിരെയുള്ള 2013-ലെ 91-ാം നമ്പർ നിയമപ്രകാരം 64 പേർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക രേഖകളിലെ കൃത്രിമം തുടങ്ങിയ കുറ്റങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. അന്വേഷണത്തിലിരിക്കുന്ന മനുഷ്യക്കടത്ത് കേസുകളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് മൂന്നിൽ നിന്ന് 11 ആയി ഉയർന്നിട്ടുണ്ട്.
മനുഷ്യക്കടത്തും കുടിയേറ്റ നിയമ ലംഘനങ്ങളും ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അറ്റോർണി ജനറൽ പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. ഇരകളെ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ഏകീകരിക്കുക, അന്വേഷണ രീതികൾ മെച്ചപ്പെടുത്തുക, ഡാറ്റാബേസ് തയ്യാറാക്കുക തുടങ്ങിയവയാണ് ഈ പ്രത്യേക യൂണിറ്റിന്റെ ചുമതലകൾ. പ്രോസിക്യൂഷൻ അംഗങ്ങൾക്കും നിയമപാലകർക്കും ഇതിനായി പ്രത്യേക പരിശീലനങ്ങളും നൽകിയിട്ടുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ നൽകുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്റെ വെബ്സൈറ്റിൽ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടി.








